Monday, March 30, 2015

വീണുകിട്ടിയ ബാല്യം 
=================================

"അ മ്മേ ഞാനിറങ്ങുന്നു"

"ഇനി എപ്പളാണാവോ മടക്കം, ചോറുണ്ണാൻ  ഉണ്ടവുല്ലോ അല്ലെ? നീ പറഞ്ഞിട്ടാണ് ഇടിച്ചക്ക തോരനാക്കിയത്..

" ഞാൻ വന്നിട്ടേ കഴിക്കൂ അമ്മേ... കൊതികൊണ്ടല്ലെ  വരുന്ന കാര്യം ഉറപ്പായപ്പോഴേ ഇടിച്ചക്ക  വേണംന്ന് വിളിച്ചു പറഞ്ഞത്... ഞാൻ ഇവിടെ വന്നേ ഉണ്ണു.. "

ഒറ്റയ്ക്ക് നാട്ടിൽ  എത്തിയാൽ ഈ കറക്കം പതിവായത് കൊണ്ടാകണം പിന്നീട് ചോദ്യങ്ങളൊന്നും ഉണ്ടായില്ല..

ഇത്തരം യാത്രകൾ ആവേശമാണ് എനിക്ക്...കഴിഞ്ഞ കാല സ്വാദുകളിലൂടെ .....പിന്നിട്ട വഴികളിലൂടെ ഒറ്റയ്ക്ക് നടന്ന് ....ഇനിയൊരിക്കലും തിരിച്ചു വരാത്ത ആ കാലം കൈയെത്തി പിടിക്കാനുള്ള പാഴ് വേല... എങ്കിലും മുടക്കാറില്ല ഞാനത്...

ഇത്തവണ യാദ്ര്ശ്ചികമായാണ്‍ നാട്ടിൽ പോകാനുള്ള അവസരം കിട്ടിയത്. അതും വിഷുസമയത്ത് ......വീണു കിട്ടിയ ആ അവസരം ഒരുപാട് ഓർമ്മകൾ സമ്മാനിച്ച യാത്രയായിരുന്നു.

 പഴയ മേനക സ്റ്റോപ്പിൽ  ഇപ്പൊൾ വലിയ ഷോപ്പിങ്ങ് കോമ്പ്ലക്സ് ആണ്...ബസ്സിറങ്ങുമ്പോൾ കാണാം ആകെ ഒരു ബഹളം...ആകാംഷയോടെ അവിടേയ്ക്ക് ..
ഒരു "ഫ്ലാഷ്മോബ്" അരങ്ങേറുന്നു....

പുതിയ മോഡൽ  മൊബൈൽ ഫോണിന്റെ പ്രചരണം ഇപ്പൊ ഇങ്ങനെയാണത്രേ... 

എന്റെ കോളേജ് ലക്ഷ്യമാക്കി ഞാൻ നടന്നു....ഗേറ്റ് തുറന്നു കിടക്കണേ എന്നാ പ്രാർത്ഥനയായിരുന്നു.  വേനലവധി തുടങ്ങിയതിനാലാണ് അങ്ങനെയൊരു ഭയം...ആ മണ്ണിൽ ഒന്ന് കാലു വയ്ക്കാതെ എനിക്ക് മടങ്ങാൻ പറ്റില്ലായിരുന്നു...

ഭാഗ്യം ചെറിയ ഗേറ്റ് തുറന്നുകിടപ്പുണ്ട്....അകത്തു കയറി ആ വലിയ മണികെട്ടിയ മരത്തിന്റെ ചുവട്ടിൽ  ഇരുന്നു....ഒരുപാട് സൗഹ്രദങ്ങൾ സമ്മാനിച്ച ക്യാമ്പസ്...

അവരെല്ലാം തന്നെ ഇപ്പൊ മുഖപുസ്തകത്ത്തിൽ കൂടെയുണ്ടെങ്കിലും  ശൂന്യമായ ക്യാപ്മസ് മനസിലും ശൂന്യത പടര്ത്തി....

അവിടെ നിന്നിറങ്ങി പതിവ് വഴികളിലൂടെ ലക്ഷ്യമില്ലാതെ നടന്നു...ഒക്കെ മാറിയിരിക്കുന്നു....എങ്കിലും ആ വഴികൾക്ക്  എന്നെ അറിയാമായിരുന്നു....

വാര്ദ്ധക്യം ചുളിവ് തീര്ത്ത വാകമരം എന്നെ കണ്ട് പുഞ്ചിരിച്ചുവോ ...

പിറ്റേന്ന് അനിയത്തികുട്ടിയുടെ ഫ്ലാറ്റിലേയ്ക്ക്...

പ്രവാസം കൊണ്ട് നേടിയ സ്വഭാവങ്ങളിലൊന്നാണ് ഇത്തരം തീപ്പെട്ടിവീടിനോടുള്ള വെറുപ്...ശ്വാസം മുട്ടുന്നതായി തോന്നിയിട്ടാകണം അവൾ പറഞ്ഞു

" നീ ദേവുനേം കൊണ്ട് പുറത്തിറങ്ങി വരൂ... ഇഷ്ട വിഷയമായ അമ്പലവും, കുളവും മരങ്ങളും ഒക്കെ സുലഭമാണ് ഇവിടെ"

അമ്പലമുണ്ട് എന്നെനിക് അറി യാമായിരുന്നെങ്കിലും അവിടേയ്ക്ക് നടന്നു കാണുവാൻ അവസരം ലഭിച്ചിരുന്നില്ല.. ദേവുന്റെ കൈ പിടിച്ച് അമ്പല നടയിലേയ്ക്ക് നടന്നു...പാറു പറഞ്ഞത് സത്യം തന്നെ.... നിറയെ മരങ്ങളുള്ള ആ നാട്ടുവഴിയിലൂടെ നടന്നപ്പോൾ മനസ്സ് നിറഞ്ഞ തണുപ്പ് ..

തേവരുടെ നടയിൽ തണൽ  വിരിച്ചു നില്ക്കുന്ന പുളി മരവും, മണ്ണിൽ സ്വര്ണ്ണം  വിതറിയ പോലെ കൊഴിഞ്ഞു വീണ കൊന്ന പൂക്കളും, കിളികളും, പാടും കുയിലുമെല്ലാം എന്നിലെ കുട്ടിത്തം പുറത്തെത്തിച്ച്ചു....

വിജനമായ ആ നാട്ടുവഴി എന്റെ സ്വന്തമാക്കി ഞാനും ആ കുയിലിനൊപ്പം കൂവി....

"കൂ     ...കൂ ....."

എന്റെ പാട്ടിൽ അത്ര ത്ര് പ്തി പോരാതെ കുയിൽ പിണങ്ങി പറന്നു പോയപ്പോൾ 'ലല്ല' യുടെ കുട്ടിക്കളി കണ്ട് ചിരിച്ച ദേവുന്റേം മുഖം വാടി. ...

നിറയെ കായ്ച്ചു നില്ക്കുന്ന മാവിൽ കല്ലെറിഞ്ഞ്, കല്ലേറു കണ്ട് പേടിച്ച് മാവിൽ നിന്നിറങ്ങിയോടിയ  പൂവാലനണ്ണാന്റെ പിറകെ പാഞ്ഞ്, പൂവരശിന്റെ ഇല കൊണ്ട് ഊത്തുണ്ടാക്കി നീട്ടത്തിൽ ഊതി ഞാനെന്റെ ബാല്യം തിരിച്ചു പിടിച്ചു....

പാടി തോല്പ്പിക്കാൻ വീണ്ടും കുയിലെത്തിയപ്പോൾ  ഇത്തവണ ഏറ്റെടുത്തത് എന്റെ ദേവു  ആയിരുന്നു....അവള്ക്കൊപ്പം ഞാനും കൂടി...

" ഇപ്പൊ ആരാ കുട്ട്യേ കുയിലേ പാടി തോല്പ്പിക്കാൻ മെനക്കെടണേ?"

ചോദ്യം കേട്ട് ഞെട്ടിയത് ഞാനാണ്...ഒരു ..വ്ര് ദ്ധ......വഴിയിൽ പതിവില്ലാത്ത ശബ്ദം കേട്ട് അന്വേഷിച്ച് വന്നതാകും അവർ....ഞൊടിയിട കൊണ്ട് ബാല്യം എന്നെ വിട്ടകന്നു...

"ഞങ്ങളുടെ ഒക്കെ കാലത്ത് തൊടിയിൽ കുയിലിന്റെ പാട്ട് കേട്ടാൽ അപ്പൊ കുട്ടികൾ തുടങ്ങും കൂടെ കൂവാൻ..ഇപ്പൊ അതൊക്കെ കുട്ടികൾക്ക് നാണക്കേടല്ലേ...ഞാൻ കണ്ടുന്ന്വച്ച്
നിർത്തണ്ട ട്ടോ...നടക്കട്ടെ"..അവർ നടന്നു നീങ്ങി...

തേവരെ കണ്ണിറുക്കി കാട്ടി ദേവുനെയും എടുത്ത് ഞാനും നടന്നു...

പാറു എന്നെ കാത്ത് നില്ക്കുകയായിരുന്നു...."ഏട്ടത്തി നിനക്ക് കൊന്നപ്പൂ വേണ്ടെ...വാ  ഒരു വഴി ..പോകാം..."

ഇത്തവണ കുവൈറ്റിലേയ്ക്ക് തിരികെ പോകുമ്പോൾ വിഷുവിന് കണികാണാൻ കൊന്നപ്പൂവ് വേണം എന്ന് അവളോട് പറഞ്ഞിരുന്നു...

ഇല കാണാതെ പൂത്തു നില്ക്കുന്ന കൊന്നമരം....അക്ഷരാർത്ഥത്തിൽ  ഞങ്ങൾ രണ്ടാളും കുട്ടികളായി...എത്തി ചാടി കിട്ടിയ ചില്ലകൾ വളച്ചും...പരസ്പരം എടുത്തു പൊക്കിയും ഞങ്ങൾ പറിച്ചുകൂട്ടിയ ഒരുകൊട്ട കൊന്നപ്പൂവും കൊണ്ട് ഞങ്ങൾ ഓടി ..വീട്ടിലേയ്ക്ക്...

അന്ന് വൈകിട്ട് തിരികെ യാത്രയാകുമ്പോൾ പതിവ് കണ്ണുനീരിനു പകരം ബാല്യത്തിന്റെ കുസ്ര് തിയായിരുന്നു കണ്ണിൽ ....