Thursday, December 30, 2010

യാത്ര....

ഒറ്റയ്ക്ക് തുടങ്ങിയ ജീവിത യാത്ര....എന്നും ഒറ്റയ്ക്ക്  തന്നെ ആയിരുന്നു....മറ്റൊരു വര്‍ഷം  കൂടെ ഒറ്റയ്ക്ക്  തുടങ്ങുന്നു...

എല്ലാവര്ക്കും പുതുവത്സരാശംസകള്‍.....

Thursday, December 23, 2010

വിരഹം .....

കാലം തെളിച്ചൊരു തേരില്‍ നീ
എന്നെ പിരിഞ്ഞകലും നേരം
നിറഞ്ഞോരെന്‍ മിഴി നീ കണ്ടതില്ല
വിതുമ്പുമെന്‍  മൊഴി നീ കേട്ടതില്ല
വിരഹത്തിന്‍ കനലില്‍ എരിയുന്നോരെന്‍മനം
തേങ്ങുന്നതും  നീ അറിഞ്ഞതില്ല....

കാതോരമോതിയ വാക്കുകള്‍ കൊണ്ട് ഞാന്‍
മനതാരില്‍ നെയ്ത കിനാക്കളെല്ലാം
ഒരു പാഴ്ക്കിനാവായി.... ശേഷിച്ചു മോഹവും,
ദിശയറിയാതെ ഉഴറുമെന്‍  ചിത്തവും
പ്രതീക്ഷകള്‍ തളിരിട്ട നിന്റെയീ പാതയില്‍
ഞാനോ ഒരു പടുവൃക്ഷമായി.....

Tuesday, December 21, 2010

ചോദ്യങ്ങള്‍....

ഉത്തരം ഇല്ലാത്ത ഒരുപാട് ചോദ്യങ്ങളുടെ നടുവില്‍ ആണ് ഓരോ ജീവിതവും....
ഓരോ നിമിഷവും ഉത്തരം തേടുന്ന മനസ്സുകള്‍...
എന്ത് കൊണ്ട് ഞാന്‍ ഇങ്ങനെ ഒക്കെ ആയി...
എന്ത് കൊണ്ട് എനിക്ക് ഇങ്ങനെ ഒക്കെ വന്നു..
എന്ത് കൊണ്ട് എനിക്ക് ഈ ജന്മം തന്നു ഈശ്വരന്‍..
എന്ത് കൊണ്ട് എന്നെ ഒരു പ്രവാസി ആക്കി..
എന്ത് കൊണ്ട് എന്റെ പ്രിയപെട്ടവരെ ഞാന്‍ സ്നേഹിച്ചു
ഒരുപാട് സ്നേഹിച്ചിട്ടും എന്ത് കൊണ്ട് എന്റെ സ്നേഹം തിരിച്ചറിയാതെ പോയ്‌
എന്ത് കൊണ്ട് സ്നേഹം എന്നെ തന്നെ തിരിഞ്ഞു കൊത്തി...
എന്ത് കൊണ്ട് സ്നേഹത്തിനു പകരം എനിക്ക് താളം തെറ്റിയ ഒരു മനസ്സ് കിട്ടി...
എന്ത് കൊണ്ട് ചില കണ്ണുകളില്‍ ഒളിഞ്ഞ ചതിയുടെ കനല്‍ ഞാന്‍ കണ്ടില്ല..
എന്ത് കൊണ്ട്???എന്ത് കൊണ്ട് ????
ഉത്തരം ഇല്ലാത്ത ചോദ്യങ്ങള്‍...വിധിനിയതാവിനു ഒഴിവാക്കാമയിരുന്നില്ലേ പലതും...
അനുഭവങ്ങളുടെ തീവ്രത കൂടുംതോറും ചോദ്യങ്ങളുടെ നിര നീണ്ടു കൊണ്ടേ ഇരിക്കുന്നു...
എന്ത് കൊണ്ട് എന്നും സ്നേഹം ചതിക്കപ്പെടുന്നു???

Tuesday, December 14, 2010

സൂക്ഷിക്കുക.....

അസത്യത്തിന്റെ മൂടുപടം കൊണ്ട് സത്യത്തിന്റെ കാഴ്ച മറയ്ക്കുന്നവരെ സൂക്ഷിക്കുക...അവര്‍ നിങ്ങളുടെ കാഴ്ച ഇല്ലാതാക്കും... അവരുടെ വാക്കുകളില്‍ അഗ്നി സ്ഫുരിക്കും ...ആ അഗ്നി നിങ്ങളെ ചാമ്പലാക്കും...അവരുടെ കണ്ണുകളില്‍ വിഷം പുരണ്ട കൂരമ്പുകള്‍ ഉണ്ട്......അത് തറച്ച് നിങ്ങള്‍ അല്പാല്പമായി ഇല്ലാതാകും...അവരുടെ സ്പര്‍ശനം തണുത്തുറഞ്ഞതാണ്‌....അത് നിങ്ങളെ മരണത്തിന്റെ ഹിമപാളികളിലൂടെ നടത്തും....

Tuesday, November 30, 2010

ജന്മദിനം...

അനന്തമാമീ  ജീവിതയാത്രയില്‍
ആശ്വാസത്തിന്‍ കണിക പേറിയൊരു  ദിനം
ആയുസ്സിന്റെ കണക്കു പുസ്തകത്തിലെ
ഒരു വര്ഷം കൂടി കൊഴിഞ്ഞ ആനന്ദം
ചക്രവാളത്തിലേക്കുള്ള ദൂരം കുറയുന്നതാശ്വാസം
അതാണെന്‍ ജന്മദിനം....

Tuesday, September 28, 2010

ശിക്ഷ .......

അവസാനം....എല്ലാത്തിനും അവസാനം...ശേഷിക്കുന്നത് ഭ്രാന്തമായ ഈ ലോകത്തിലെ ഇരുട്ട്  മാത്രം...എല്ലാം നശിപ്പിക്കുന്ന ഇരുട്ട്...വെളിച്ചം കാണ്‍മാനേ ഇല്ല...എങ്ങും കൂരിരുട്ട്...പ്രകാശത്തില്‍ നിന്നും ഞാന്‍ നടന്നടുത്തത് ഈ ഇരുട്ടിലെയ്ക്കായിരുന്നു... ഈ ഇരുട്ടിന്റെ അവസാനം തണുപ്പ്... ശരീരം മരവിപ്പിക്കുന്ന, മരണത്തിന്റെ കൈകള്‍ വാരി പുണരുന്ന തണുപ്പ്... മുന്നില്‍ മറ്റൊന്നും ഇല്ല... തണുപ്പ് മാത്രം...
ബോധമനസ്സില്‍ പടരുന്ന തണുപ്പ് വളരെ വേഗത്തില്‍ എന്നെ വിഭ്രാന്തിയുടെ മടിത്തട്ടിലേയ്ക്ക് ആകര്‍ഷിച്ചു...വിചിത്രമായ ലോകം...വളരെ വേഗത്തില്‍ കാലഘട്ടങ്ങള്‍ക്ക് പിറകിലേക്ക് മനസ്സിനെ എത്തിക്കുന്ന അത്ഭുത പ്രതിഭാസം...ചിന്തകള്‍  പിന്നോട്ട്  നടക്കുന്ന വേദി... ആടിതീര്‍ത്ത  ഏകാങ്കങ്ങള്‍, പറഞ്ഞു തീര്‍ത്ത വേദാന്തങ്ങള്‍, നെയ്തു കൂട്ടിയ സ്വപ്‌നങ്ങള്‍, എല്ലാം ഓര്‍മ്മകള്‍ മാത്രം...അന്നത്തെ സത്യം, ഇന്നത്തെ മിഥ്യ...
മൌ നം മാത്രം കൂട്ടുള്ള ഈ ലോകത്ത് ഞാനും എന്റെ ഓര്‍മകളും മാത്രം.... കൂടെ നടന്നവര്‍ വഴിമാറി പോയ നാളുകള്‍.... ഈ തണുപ്പിലേയ്ക്ക് എന്നെ തള്ളി വിട്ട പ്രിയപ്പെട്ടവന്‍....വാക്ക് കൊണ്ട് മുറിപ്പെട്ട മനസ്സിലേയ്ക്ക് വിഭ്രാന്തിയുടെ വിത്ത് പാകിയവന്‍  വളരെ വേഗം നടന്നു അകന്നു...
ഇപ്പോള്‍ കാഴ്ച്ച മങ്ങിയിരിക്കുന്നു... ഈ ഇരുട്ടില്‍ ഞാന്‍ ഒരു ഒറ്റയാന്‍ ...ആത്മാവില്ലാത്ത ശബ്ദ തരംഗങ്ങള്‍ ഹൃദയത്തിലേറ്റിയ കുറ്റത്തിനു ഈ തണുപ്പാണ് ശിക്ഷ...എനിക്കുള്ള  വിധിയും  അവന്‍ തന്നെ പ്രസ്താവിച്ചു...

" നിനക്ക് ശിഷ്ട കാലം ഈ തണുപ്പ്"....

Sunday, September 26, 2010

അപൂര്‍ണത...........

പാതി പറഞ്ഞ വാക്കുകള്‍.....
പാതി വഴിയില്‍ ഉപേക്ഷിച്ച യാത്രകള്‍....
കണ്ടു തീരാത്ത സ്വപ്‌നങ്ങള്‍.....
പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍....
അങ്ങനെ അപൂര്‍ണതകളുടെ  ഒരു വേലിയേറ്റം  തന്നെ തീര്‍ത്തു ഈ ജീവിതം....